അമ്മിണിക്കുട്ടിയുടെ ദൈവങ്ങള്‍
രമണിടീച്ചര്‍ക്ക് അന്ന് മൂന്നാം ക്ലാസില്‍ പീരിയഡൊന്നുമില്ലായിരുന്നു.മലയാളം പഠിപ്പിക്കുന്ന
വിലാസിനിടീച്ചറുടെ പീരിയഡായിരുന്നു അത്.കുട്ടികളോട് എന്ത് പറയണം എന്ന് വിചാരിച്ചിരിക്കെ ടീച്ചറുടെ ചുണ്ടില്‍ നിന്നും ഒരു കവിതയുടെ വരി വാര്‍ന്നുവീണു.
"അമ്മയാണ് പാരിടത്തിലെന്നുമെന്റെ ദൈവം."
ദൈവം അമ്മയാണ്.
ദൈവം സ്നേഹമാണ്.
ദൈവം നന്മയാണ്.
ടീച്ചര്‍ പറഞ്ഞുകൊണ്ടിരിക്കെ മൂന്നാമത്തെ ബെഞ്ചില്‍ നിന്നും സരസ്വതി പറഞ്ഞു:
''എന്റെ ദൈവം ഉണ്ണിക്കണ്ണനാണ്.''
അതുകേട്ട് ഖമറുന്നീസ പറഞ്ഞു:ഞാള ദൈവം അള്ളാഹുവാണ്.
"എന്റെ ദൈവം യേശുവാണ്:"അലീനജോസഫ് അതിനേക്കാള്‍ ഉച്ചത്തില്‍ പറഞ്ഞു.
''എന്റെ ദൈവം മുത്തപ്പന്.''
''എന്റെ ദൈവംകുട്ടിച്ചാത്തന്.''
''എന്റെ ദൈവം ഗുരുവായൂരപ്പന്''.
ദൈവങ്ങളുടെ വരവ് കണ്ട് ടീച്ചര്‍ അമ്പരന്നു.എന്തൊരു പടപ്പുറപ്പാട്.ബഹളങ്ങളില്‍ ദൈവങ്ങള്‍ ചോരയൊലിപ്പിച്ച് നടക്കുന്നതുപോലെ ടീച്ചര്‍ക്ക് തോന്നിപ്പോയി.
''അടങ്ങിയിരിക്ക്.''ടീച്ചര്‍ ദേഷ്യത്തോടെ രണ്ടു മൂന്നു പ്രാവശ്യം മേശമേല്‍ അടിച്ചു.എന്നിട്ടും
അടങ്ങിയിരിക്കാതെ ദൈവങ്ങള്‍ ഒച്ചവെച്ചുകൊണ്ടിരുന്നു.അവര്‍ക്കിടയില്‍ അമ്മിണിക്കുട്ടി മാത്രം ഒന്നും മിണ്ടാതെ ഇരിക്കുന്നത് ടീച്ചര്‍ കണ്ടു.
അവളോട് ഒരു പ്രത്യേകവാത്സല്യം ടീച്ചര്‍ക്ക് തോന്നി.
''മോളേ''.....ടീച്ചര്‍ അമ്മിണിക്കുട്ടിയെ വിളിച്ചു:''മോള്‍ക്ക് മാത്രം ദൈവങ്ങളാരുമില്ലേ?''
''ഉണ്ട് ടീച്ചര്‍, എനിക്കെന്റെ അമ്മയും അച്ഛനും ടീച്ചര്മാരുംഏട്ടന്മാരും അനിയന്മാരും മരങ്ങളും
ചെടികളും പക്ഷികളും കാററും മഴയും എല്ലാവരും എന്റെ വീട്ടിലെ കുഞ്ഞിപ്പൂച്ചപോലും
എനിക്ക് ദൈവങ്ങളാണ്.''
അമ്മിണിക്കുട്ടി ഒററശ്വാസത്തില്‍ അത്രയും പറഞ്ഞപ്പോള്‍ ക്ളാസ് മുഴുവനും നിശ്ശബ്ദമായി.
അപ്പോള്‍ അമ്മിണിക്കുട്ടിയുടെ കവിളിലേക്ക് ടീച്ചറുടെ ഒരു കുഞ്ഞുമ്മ പാറിപ്പാറി പോകുന്നുണ്ടായിരുന്നു,അവളറിയാതെ.