Saturday, 6 April 2013

മറവി

വീട് മാറുന്നതിന്റെ തിരക്കില്‍ 

എടുക്കാന്‍  മറന്ന പുസ്തകവുമായി

മകള്‍ ഓടി വന്നു.

പൊടി തുടച്ച് മാററി, പേജുകള്‍ 

ശരിയാക്കിയപ്പോള്‍ 

തെളി‍‍ഞ്ഞു വന്ന  അക്ഷരങ്ങള്‍

മകള്‍ കു‍ഞ്ഞിക്കണ്ണുകളാല്‍  

തപ്പിപ്പിടിക്കാതെ തന്നെ വായിച്ചു-  കമ്മ്യുണിസ്ററ് മാനിഫെസ് റ്റൊ.

അച്ഛാ, അച്ഛനീ പുസ്തകം എടുക്കാന്‍ മറന്നു.
------------

Wednesday, 9 January 2013

കവിത

അടുപ്പം

കാണാതിരിക്കാം, നമുക്കൊരുകാലവും
വേര്‍പ്പെട്ട് പോകാതിരിക്കാം.
---------

Saturday, 29 December 2012

കവിത.

സൌഹൃദം.

കൈവെള്ളയ്ക്ക് മിടിപ്പും
വിരല്‍ത്തുമ്പുകളില്‍ സംഗീതവും ഉണ്ട്.
ചിലരുടെ കൈ സ്പര്‍ശിക്കുമ്പോള്‍
അടുപ്പിനരികില്‍
ചെന്നതുപോലെ തോന്നും.
തൊട്ടാല്‍ കൈവലിച്ചു പോകും 
ഷോക്ക് ചിലതിന്
വിരല്‍ മുറിഞ്ഞു പോകും ഒഴുക്കുള്ളവ
പുകയുന്നവ
കൈപ്പത്തി വെറുമൊരു അടയാളമല്ല
പൂക്കള്‍ വിരിയുന്ന നെഞ്ച് മാത്രമല്ല
ആകാശത്തിന്‍റെ വിശാലതയുമല്ല
വാക്കു കൊണ്ട് മൂടുവാനാകാത്ത സൌന്ദര്യവും 
നോക്കുകൊണ്‍ട് കാണുവാനാകാത്ത
കാഴ്ചയുമാണത്.
ഇളംചൂടാര്‍ന്നതും
സദാമിടിച്ചുകൊണ്ടിരിക്കുന്നതുമായ കൈപ്പത്തി
ഏത് തിരക്കിലാവും അറ്റുപോയിട്ടുണ്ടാവുക. 


Thursday, 27 December 2012

കുട്ടികള്‍ക്ക് ഒരു കഥ

അമ്മിണിക്കുട്ടിയുടെ ദൈവങ്ങള്‍

രമണിടീച്ചര്‍ക്ക് അന്ന് മൂന്നാം ക്ലാസില്‍ പീരിയഡൊന്നുമില്ലായിരുന്നു.മലയാളം പഠിപ്പിക്കുന്ന 
വിലാസിനിടീച്ചറുടെ പീരിയഡായിരുന്നു അത്.കുട്ടികളോട് എന്ത് പറയണം എന്ന് വിചാരിച്ചിരിക്കെ ടീച്ചറുടെ ചുണ്ടില്‍‍ നിന്നും ഒരു കവിതയുടെ വരി വാര്‍ന്നുവീണു.
"അമ്മയാണ് പാരിടത്തിലെന്നുമെന്‍റെ ദൈവം."
ദൈവം അമ്മയാണ്.
ദൈവം സ്നേഹമാണ്.
ദൈവം നന്‍മയാണ്.
ടീച്ചര്‍ പറഞ്ഞുകൊണ്ടിരിക്കെ മൂന്നാമത്തെ ബെഞ്ചില്‍ നിന്നും സരസ്വതി പറഞ്ഞു:
''എന്‍റെ ദൈവം ഉണ്ണിക്കണ്ണനാണ്.''
അതുകേട്ട് ഖമറുന്നീസ പറഞ്ഞു:ഞാള ദൈവം അള്ളാഹുവാണ്.
"എന്‍റെ ദൈവം യേശുവാണ്:"അലീനജോസഫ് അതിനേക്കാള്‍ ഉച്ചത്തില്‍ പറഞ്ഞു.
''എന്‍റെ ദൈവം മുത്തപ്പന്‍.''
''എന്‍റെ ദൈവംകുട്ടിച്ചാത്തന്‍.''
''എന്‍റെ ദൈവം ഗുരുവായൂരപ്പന്‍''.
ദൈവങ്ങളുടെ  വരവ് കണ്ട് ടീച്ചര്‍ അമ്പരന്നു.എന്തൊരു പടപ്പുറപ്പാട്.ബഹളങ്ങളില്‍ ദൈവങ്ങള്‍ ചോരയൊലിപ്പിച്ച് നടക്കുന്നതുപോലെ ടീച്ചര്‍ക്ക് തോന്നിപ്പോയി.
''അടങ്ങിയിരിക്ക്.''ടീച്ചര്‍ ദേഷ്യത്തോടെ രണ്ടു മൂന്നു പ്രാവശ്യം മേശമേല്‍ അടിച്ചു.എന്നിട്ടും 
അടങ്ങിയിരിക്കാതെ ദൈവങ്ങള്‍ ഒച്ചവെച്ചുകൊണ്ടിരുന്നു.അവര്‍ക്കിടയില്‍ അമ്മിണിക്കുട്ടി മാത്രം ഒന്നും മിണ്ടാതെ ഇരിക്കുന്നത് ടീച്ചര്‍ കണ്ടു.
അവളോട് ഒരു പ്രത്യേകവാത്സല്യം ടീച്ചര്‍ക്ക് തോന്നി.
''മോളേ''.....ടീച്ചര്‍ അമ്മിണിക്കുട്ടിയെ വിളിച്ചു:''മോള്‍ക്ക് മാത്രം ദൈവങ്ങളാരുമില്ലേ?''
''ഉണ്ട് ടീച്ചര്‍, എനിക്കെന്‍റെ അമ്മയും അച്ഛനും ടീച്ചര്‍മാരുംഏട്ടന്‍മാരും അനിയന്‍മാരും മരങ്ങളും
ചെടികളും പക്ഷികളും കാററും മഴയും  എല്ലാവരും എന്‍റെ വീട്ടിലെ കുഞ്ഞിപ്പൂച്ചപോലും
 എനിക്ക് ദൈവങ്ങളാണ്.''
അമ്മിണിക്കുട്ടി ഒററശ്വാസത്തില്‍ അത്രയും പറഞ്ഞപ്പോള്‍ ക്ളാസ് മുഴുവനും നിശ്ശബ്ദമായി.
അപ്പോള്‍ അമ്മിണിക്കുട്ടിയുടെ കവിളിലേക്ക് ടീച്ചറുടെ ഒരു കുഞ്ഞുമ്മ പാറിപ്പാറി പോകുന്നുണ്ടായിരുന്നു,അവളറിയാതെ.
                                                                                                           


Monday, 24 December 2012

മേഘങ്ങള്‍

നോക്കി നില്‍ക്കെ
മേഘങ്ങളെല്ലാം
ആകാശത്തിലൂടെ
നീങ്ങി നീങ്ങി പോകുന്നു
എവിടെയായിരിക്കും
തീരെ വേവലാതിയില്ലാതെ
ഒട്ടും തിടുക്കപ്പെടാതെയുള്ള
ആയാസരഹിതമായ യാത്രകള്‍
അവ ഒരുപക്ഷേ
അടുത്ത നിമിഷം
കണ്ണീരായി തീര്‍ന്നു പോകാം
അല്ലെങ്കില്‍
കാറ്റിന്റെ കൈകളില്‍ ഞെരിയാം
ഇടിമുഴക്കത്താല്‍
ചിതറിപ്പോവാം
പര്‍വ്വതങ്ങളില്‍ തട്ടി
തകര്‍ന്നു പോകാം
എങ്കിലും ഒന്നും ആലോചിക്കാതെ
എത്ര ശാന്തമായാണ്
അവ വഴികളത്രയും പിന്നിടുന്നത്.
                                                                                                                               

Saturday, 15 December 2012


ചെരുപ്പ്

ചിലയിടങ്ങളില്‍
ചിലനേരങ്ങളില്‍ 
ഞാന്‍ മാത്രം
പുറത്താവുന്നു.
അകത്ത് കയറുവാന്‍ മാത്രം
എന്തു വിശുദ്ധിയാണ്
നിങ്ങളിലുള്ളതെന്ന്
പുറത്ത് വരുമ്പോള്‍
ഒന്നു പറഞ്ഞുതരുമോ?
                                                  

Hai Friends